കൊച്ചി: ക്രിസ്മസ് ബംപർ ലോട്ടറി ടിക്കറ്റിന്റെ അവകാശവാദത്തിൽ നിർണായക വിധിയുമായി ഹൈക്കോടതി. ഒന്നാം സമ്മാനം നൽകാൻ തടസമില്ലെന്ന് അറിയിച്ച ഹൈക്കോടതി ലോട്ടറിയുടെ ഉടമസ്ഥത അവകാശപ്പെട്ട് പിറവം സ്വദേശി നൽകിയ ഹർജി കോടതി തള്ളി.
ഒന്നാം സമ്മാനമായ 20കോടി രൂപയ്ക്ക് രണ്ടു പേർ അവകാശവാദ ഉന്നയിച്ചതോടെയാണ് വിഷയം വിവാദമായത്. സമ്മാനർഹമായ ടിക്കറ്റിന് അവകാശവാദം ഉന്നയിച്ച പിറവം പാഴൂർ സ്വദേശിയായ റിട്ട. എഎസ്ഐ കെ.കെ. സജിമോൻ കോടതിയെ സമീപിച്ചതോടെ സമ്മാനത്തുക തടഞ്ഞുവച്ചിരിക്കുകയായിരുന്നു.
സമ്മാനാർഹമായ XC 138455 നമ്പർ ടിക്കറ്റുമായി മറ്റൊരു മലയാളി ലോട്ടറി വകുപ്പിനെ സമീപിച്ചിരുന്നു. ഇതേ ടിക്കറ്റിന് അകാശവാദം ഉന്നയിച്ചാണ് സജിമോൻ കോടതിയെ സമീപിച്ചത്. ജനുവരി 24ന് ആയിരുന്നു ടിക്കറ്റ് നറുക്കെടുത്തത്.
ടിക്കറ്റുമായി ലോട്ടറി വകുപ്പിനെ സമീപിച്ച വ്യക്തിക്ക് സമ്മാനത്തുക നൽകാൻ തടസമില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. പോലീസിൽ നിന്നും വിരമിച്ച ശേഷം ട്രാവൽ സർവീസ് നടത്തിയിരുന്ന സജിമോന്റെ വാഹനത്തിൽ ശബരിമല ദർശനത്തിനായി വിശാഖപട്ടണം സ്വദേശികൾ യാത്ര ചെയ്തിരുന്നു.
യാത്ര കഴിഞ്ഞ് മടങ്ങിയ സംഘം നെയ്പാത്രം വണ്ടിയിൽ മറന്നുവച്ചു. തുടർന്ന് പാത്രം വിശാഖപട്ടണത്തിലേക്ക് കൊറിയർ അയച്ചുനൽകിയപ്പോൾ അബദ്ധത്തിൽ ടിക്കറ്റ് പാത്രത്തിന്റെ അടിയിലായി പോയെന്നാണ് സജിമോന്റെ വാദം.
മുണ്ടക്കയത്ത് ഭാര്യയുടെ ബന്ധു വീട്ടിൽ പോയപ്പോൾ വാങ്ങിയ ടിക്കറ്റിന് പിന്നിൽ സ്വന്തം വിലാസമെഴുതി ഒപ്പിട്ടിരുന്നുവെന്നും സജിമോൻ ആരോപിക്കുന്നു.